ഫ്ളോറിഡ: ബ്രസീല്‍ ആരാധകരുടെ കാത്തിരിപ്പിന് അവസാനം; സൂപ്പര്‍ താരം നെയ്മര്‍ കളത്തില്‍. ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് സിയില്‍ സ്കോട്ട്ലന്‍ഡിന് എതിരായ മത്സരത്തിലാണ് നെയ്മര്‍ നീണ്ട ഇടവേളയ്ക്കുശേഷം ബ്രസീല്‍ ജഴ്സിയില്‍ എത്തിയത്. പരിക്കിനെത്തുടര്‍ന്ന് പുറത്തായിരുന്ന നെയ്മര്‍, 981 ദിനങ്ങള്‍ക്കുശേഷം ദേശീയ ജഴ്സിയില്‍ തിരിച്ചെത്തി.
3-0നു ബ്രസീല്‍ ജയിച്ച മത്സരത്തിന്റെ 75-ാം മിനിറ്റില്‍ മത്തേവൂസ് കുന്യയുടെ പകരക്കാരനായി നെയ്മറിനെ മുഖ്യപരിശീലകന്‍ കാര്‍ലോ ആഞ്ചെലോട്ടി കളത്തിലിറക്കി. 2023 ഒക്ടോബറിലായിരുന്നു ഇതിനു മുമ്പ് നെയ്മര്‍ ബ്രസീലിനായി ബൂട്ടണിഞ്ഞത്.
കണ്ണീരണിഞ്ഞു
ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം കളത്തിലേക്കു തിരിച്ചെത്തിയപ്പോള്‍, നെയ്മര്‍ കണ്ണീരണിഞ്ഞു. മത്സരശേഷം മകനെയും കുടുംബാംഗങ്ങളെയും കെട്ടിപ്പിടിച്ച് നെയ്മര്‍ കണ്ണീരൊഴുക്കി. പരിക്കിനെത്തുടര്‍ന്ന് ലോകകപ്പ് ടീമില്‍ ഇടംലഭിക്കില്ലെന്ന സാഹചര്യത്തില്‍നിന്നാണ് നെയ്മറിന്റെ ഈ തിരിച്ചുവരവ്. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോററാണ് നെയ്മര്‍ (129 മത്സരങ്ങളില്‍നിന്ന് 79 ഗോള്‍).